കല്യാണം ഇനി കടപ്പുറത്താക്കാം; ബേക്കൽ ബീച്ചിൽ ഡെസ്‌റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം വരുന്നു, ചിലവ് 1.5 കോടി

keralaanything January 17, 2022

കാസർഗോഡ്: കേരളത്തിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ ബേക്കൽ ബീച്ചിൽ ഡെസ്‌റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം ഒരുങ്ങുന്നു. ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ഉടമസ്ഥതയിലാണ് കേന്ദ്രം വരിക. ബീച്ചിനോട് ചേർന്ന് തന്നെയുള്ള സർക്കാർ ഭൂമിയിലാണ് ഈ കേന്ദ്രം ഒരുക്കുക. ഇതിനായി ആകെ ഒന്നര കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഒരു കോടി ഇരുപത് ലക്ഷം രൂപയും മറ്റ് ആവശ്യങ്ങൾക്കായി മുപ്പത് ലക്ഷം രൂപയുമാണ് നീക്കിവച്ചത്.

വർഷംതോറും ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങളിൽ ഒന്നാണ് ബേക്കൽ കോട്ടയും അതിനോട് ചേർന്നുള്ള ബീച്ചും. സിനിമാ ചിത്രീകരണത്തിന്റെയും ഇഷ്‌ട ഇടങ്ങളിൽ ഒന്നായ ഇവിടം മലബാറിലെ തന്നെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന പ്രദേശങ്ങളിൽ ഒന്ന് കൂടിയാണ്. വ്യത്യസ്‌തമായ കാലാവസ്ഥയും ആരെയും ആകർഷിക്കുന്ന ഭൂപ്രകൃതിയും ഒക്കെ ബേക്കലിനെ വേറിട്ട് നിർത്തുന്ന ഘടകങ്ങളാണ്.

നിലവിൽ ബേക്കൽ ബീച്ചിനോട് ചേർന്ന ഹോട്ടലുകൾ കേന്ദ്രീകരിച്ച ഡെസ്‌റ്റിനേഷൻ വെഡ്ഡിംഗ്‌ പരിപാടികൾ നടക്കാറുണ്ടെങ്കിലും സർക്കാർ സൗകര്യത്തോടെ കേന്ദ്രം വന്നാൽ ബേക്കലിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് വിലയിരുത്തൽ. ബേക്കലിന്റെ സൗന്ദര്യത്തെ മുഖ്യ ഘടകമായി നിലനിർത്തി കൊണ്ട് തുറന്ന വേദിയാകും ഇവിടെ നിർമ്മിക്കുക.

കേരളത്തിൽ ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ആദ്യ ഡെസ്‌റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം തിരുവനന്തപുരം ശംഖുമുഖത്താണ് ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബേക്കലിലേക്ക് കൂടി സൗകര്യം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്. സദ്യവട്ടങ്ങള്‍ക്കും അതിഥികള്‍ക്ക് വിശ്രമിക്കാനുമുള്ള സംവിധാനവും ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Leave a Comment