തൃശ്ശൂരിലെ റോഡ് നിർമ്മാണത്തിൽ അഴിമതി; കോൺട്രാക്ടർക്കും എൻജിനീയർമാർക്കും കഠിനതടവ്

keralaanything July 11, 2024

തൃശൂരിൽ റോഡ് നിർമ്മാണത്തിൽ അഴിമതി നടത്തിയ കോൺട്രാക്ടർക്കും എൻജിനീയർമാർക്കും കോടതി കഠിനതടവ് വിധിച്ചു.

4 വർഷം  വീതം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുമാണ്‌ ശിക്ഷ. തൃശ്ശൂർ ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന ആളൂർ ഡിവിഷനിൽപ്പെട്ട ചിലങ്ക-അരീക്ക റോഡ് പുനർ നിർമ്മാണത്തിലായിരുന്നു അഴിമതി കണ്ടെത്തിയത്.

പണി നടത്തിയ കോൺട്രാക്ടർ ടി.ഡി. ഡേവിസ്, അസിസ്റ്റന്റ് എൻജിനീയർ മെഹറുനിസ, അസിസ്റ്റന്റ്  എക്സിക്യൂട്ടീവ് എൻജിനീയർ റൂഖിയ എന്നിവരെയാണ് തൃശ്ശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്.

2006 ലാണ് കേസിന് ആസ്പദമായ സംഭവം. തൃശൂർ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ്‌ അറ്റകുറ്റപണിക്കുള്ള തുക അനുവദിച്ചിരുന്നത്.

പ്രതികൾ ഗൂഡാലോചന നടത്തി, നിശ്ചയിച്ച അളവിൽ സാമഗ്രികൾ ചേർക്കാതെയും, രേഖകളിൽ കൃത്രിമം കാണിച്ചും സർക്കാരിന് 1,08,664 രൂപയുടെ നഷ്ടം വരുത്തി എന്നതായിരുന്നു കേസ്. 

വിജിലൻസ്‌ ഇൻസ്‌പെക്ടർ രാമകൃഷ്ണൻ അന്വേഷണം പൂർത്തീകരിച്ച കേസിൽ വിജിലൻസ്‌ ഡി.വൈ.എസ്.പി ആയിരുന്ന ജ്യോതിഷ്കുമാർ ആണ് കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസിനു വേണ്ടി പ്രോസിക്യൂട്ടർ ഇ.ആർ. സ്റ്റാലിൻ ഹാജരായി.

Leave a Comment