മൺസൂൺ ചെറുതായൊന്ന് പിൻവാങ്ങിയ സമയമാണിത്. കായലുകളിലേക്കും ബീച്ചുകളിലേക്കും ഒക്കെ വീണ്ടും സഞ്ചാരികളുടെ പ്രവാഹം ആരംഭിച്ചു കഴിഞ്ഞു. മൺസൂൺ സമയത്ത് കൂടുതൽ പേരും ഹിൽ സ്‌റ്റേഷനുകൾക്ക് മുൻഗണന നൽകിയാവും യാത്രാ കാര്യങ്ങൾ നിശ്ചയിച്ചിട്ടുണ്ടാവുക. എന്നാൽ ഇനി യാത്ര നല്ലൊരു വ്യത്യസ്‌തമായ ഇടത്തിലേക്ക് ആക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരുവനന്തപുരത്തെ പൂവാർ പറ്റിയ ഇടമാണ്.
എന്തെന്നാൽ കായലും പുഴയും കടലും ഒക്കെ ഒരുപോലെ വന്നുചേരുന്ന ഒരിടം ഇത്രയും മനോഹാരിതയോടെ നമുക്ക് കാണാൻ കഴിയില്ലെന്നതാണ് സത്യം. തിരുവനന്തപുരത്തെ നഗര ഹൃദയത്തിൽ നിന്ന് മുപ്പത് കിലോമീറ്ററിൽ അധികം ദൂരമുണ്ട് പൂവാർ എന്ന അത്ഭുത ഇടത്തിലേക്ക് എത്താൻ. ലാൻഡ്സ്കേപ് കൊണ്ടും പ്രകൃതി ഭംഗി കൊണ്ടും ഞെട്ടിക്കാൻ സാധ്യതയുള്ള ഒരിടമാണ് പൂവാർ.
ഇടതൂർന്ന് വളർന്നു കിടക്കുന്ന തെങ്ങിൻ തോപ്പുകൾ ഇവിടുത്തെ സ്ഥിരം കാഴ്‌ചയാണ്. അതിനുള്ളിലൂടെ അങ്ങ് ദൂരെ അസ്‌തമയ സൂര്യന്റെ ഭംഗി വർണിക്കുന്നതിലും അപ്പുറമാണ്. പൂവാറിൽ വച്ചാണ് നെയ്യാർ നദി അറബിക്കടലിൽ ചെന്ന് പതിച്ചത്. മഴക്കാലത്ത് ശക്തിയോടെ ഒഴുകി വരുന്ന നെയ്യാർ നദി മണലും ചെളിയും ധാതു നിക്ഷേപങ്ങളും പൂവാറിലേക്ക് കൊണ്ടുപോവരുന്നു, അതുകൊണ്ട് തന്നെ ഇവിടെ ഒരു അഴിമുഖമുണ്ട്.
ശരിക്കും അധികമാരും അറിയാത്ത ഒരിടമാണ് പൂവാർ ബീച്ച്. ഇവിടം അണ്ടർ റേറ്റഡ് ആണെന്ന് പറഞ്ഞാലും അത്ഭുതപ്പെടാനില്ല. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നാണ് പൂവാർ ബീച്ച്. കറുത്ത മണലും ശാന്തമായ കടലും ഈ ബീച്ചിനെ വേറിട്ട് നിർത്തുന്നു. ഇവിടുത്തെ മനോഹരമായ കാഴ്‌ചയാണ് പൊഴിമുഖം. കായലും, നദിയും കടലും ബീച്ചും ഒന്നിക്കുന്ന വ്യത്യസ്‌തമായ കാഴ്‌ച.
തെക്കേ അറ്റത്തായതിനാൽ തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമം കൂടിയാണ് പൂവാർ. ഇവിടുന്നും ഏതാനും കിലോമീറ്റർ യാത്ര ചെയ്‌താൽ തമിഴ്‌നാട്ടിലേക്ക് പോവാം. പൂവാറിലെ ടൂറിസം സാധ്യതകൾ വികസിച്ചതോടെ കെഎസ്ആർടിസിയും ഇവിടേക്ക് പ്രതിദിന സർവീസുകൾ നടത്തി സഞ്ചാരികൾക്ക് തുണയാവുന്നുണ്ട്.