മലയാള സിനിമയുടെ നട്ടെല്ലൊടിച്ച് കോവിഡ് രണ്ടാം തരംഗം; ഇനി പ്രതീക്ഷ ഒടിടി പ്ലാറ്റ്‌ഫോമുകള്‍

keralaanything September 28, 2020

ആഗ്രഹത്തിനും സ്വപ്നത്തിനും ഒക്കെയൊപ്പം സിനിമ ഒരുപാട് പേരുടെ ജീവിതമാര്‍ഗ്ഗം കൂടിയാണ്, എന്റെയും.  ഇപ്പോഴത്തെ അവസ്ഥ വല്ലാതെ വിഷമിപ്പിക്കുന്നു.  പക്ഷേ എങ്ങനെയും പിടിച്ച് നില്ക്കും. ഈ പ്രതിസന്ധികള്‍ മറികടന്ന് ”ഗുണ്ട ജയന്‍” നിങ്ങളിലേക്ക് എത്തിക്കാന്‍ അത്രയും ആഗ്രഹമുണ്ട്.’ അരുണ്‍ വൈഗ എന്ന സിനിമാ സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചതാണിത്. കഴിഞ്ഞ കോവിഡ് കാലത്തു ഷൂട്ട് കഴിഞ്ഞ ‘ഉപചാരപൂര്‍വ്വം ?ഗുണ്ട ജയന്‍’ എന്ന ചിത്രം  റിലീസ് ചെയ്യാന്‍ അരുണിന് ഇതുവരെ  കഴിഞ്ഞിട്ടില്ല. മലയാള സിനിമാമേഖല നേരിടുന്ന പ്രതിസന്ധിയുടെ ഉദാഹരണം കൂടിയാണ് അരുണിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ്.

കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്നു സിനിമാ മേഖലയില്‍ വീണ്ടും വന്‍ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ദേശീയ അവാര്‍ഡുകള്‍ നേടിയ കുഞ്ഞാലി മരയ്ക്കാര്‍ ഉള്‍പ്പടെയുള്ള അന്‍പതിലേറെ ചിത്രങ്ങള്‍ റിലീസിംഗിനു കാത്തിരിക്കുമ്പോഴാണ് സിനിമാ മേഖലയില്‍    കോവിഡ് വീണ്ടും വില്ലനായി എത്തിയത്.

 ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍, ദുല്‍ഖര്‍ സല്‍മാന്റെ സുകുമാരകുറുപ്പ്,  എബ്രിഡ് ഷൈന്‍ സംവിധായകനാകുന്ന മഹാവീര്യര്‍, ദിലീപ് നായകനായി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍, ആസിഫ് അലി നായകനാകുന്ന എല്ലാം ശരിയാകും, കോളാമ്പി, കടുവ, വരയന്‍ എന്നീ ബിഗ്ബജറ്റ് ചിത്രങ്ങള്‍ റിലീസിനായി തയാറെടുക്കുന്നതിനിടെയാണ് ഇരുട്ടടിയായി കൊവിഡ് രണ്ടാം തരം?ഗം ആഞ്ഞടിച്ചത്. 

കഴിഞ്ഞ കോവിഡ് കാലത്തു ചിത്രീകരിച്ച ഉപചാരപൂര്‍വം ഗുണ്ടാജയന്‍, ബെന്യാമിന്റെ ആടു ജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഇറങ്ങിയ പൃഥ്വിരാജ് ചിത്രം എന്നിവയെല്ലാം റിലീസാകാനുണ്ട്. തീയേറ്ററുകള്‍ പോലും ബുക്ക് ചെയ്തു കാത്തിരുന്ന പ്രൊഡ്യൂസര്‍മാര്‍ക്കാണ് ഇതുമൂലം കനത്ത തിരിച്ചടി ഉണ്ടായിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായാല്‍ പല സിനിമകളുടെയും ചിത്രീകരണം പോലും നിറുത്തി വയ്ക്കേണ്ടി വരും. സംവിധായകരെയും താരങ്ങളെയും മാത്രമല്ല ലൈറ്റ് ബോയ് വരെയുള്ള ചലച്ചിത്രമേഖലയിലെ അണിയറ പ്രവര്‍ത്തകരെയും ഇതു ബാധിക്കും. 

‘സിനിമാ മേഖലയില്‍ പ്രതിസന്ധിയുണ്ട്. അതിനെ നമ്മള്‍ നേരിടണം’ എന്നാണ് നടന്‍ ജ?ഗദീഷ് ഇന്ത്യാ ടുഡേയോട് പ്രതികരിച്ചത്.  ‘ഒരു പൗരന്‍ എന്നുള്ള നിലയില്‍ എനിക്കു ബാധ്യതയുണ്ട്. സാമ്പത്തിക നഷ്ടങ്ങളുണ്ടാകും. പക്ഷേ ജീവന്‍ രക്ഷിക്കാന്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. മാസ്‌ക് ധരിക്കണം സാനിറ്റൈസേഷന്‍ ചെയ്യണം. നമ്മള്‍ ഒറ്റക്കെട്ടോടെ കോവിഡിനെ നേരിടണം’. അദ്ദേഹം അഭിപ്രായപ്പെട്ടു. സംവിധായകനും തീയേറ്റര്‍ ഉടമയുമായ ബി ഉണ്ണികൃഷ്ണന്‍െ്‌റ പ്രതികരണം ഇങ്ങനെ ‘എന്തെന്നുള്ള ചോദ്യം മുന്‍പിലുണ്ട് പക്ഷേ ഇതിനെ തരണം ചെയ്യണം എന്നുള്ളതാണ് ആഗ്രഹം. തീയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. പ്രതിരോധം തന്നെയാണ് മുന്‍പില്‍’ അദേഹം പറയുന്നു.

അതേസമയം, പ്രതിസന്ധിയെ മറികടക്കാന്‍ മലയാള സിനിമ കണ്ടെത്തിയ പുതിയ സാധ്യതയായ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഒരു പരിധി വരെ ആശ്വാസമാണെന്ന വസ്തുത തുറന്നു പറയാനും  ചില  ചലച്ചിത്രപ്രവര്‍ത്തകരെങ്കിലും മടിക്കുന്നില്ല.  സൂഫിയും സുജാതയും ആയിരുന്നു കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമില്‍ ആദ്യം റിലീസ് ചെയ്ത മലയാള സിനിമ. ഇപ്പോള്‍ ദൃശ്യം 2, ജോജി എന്നിവയുടെ വിജയത്തില്‍ എത്തിനില്‍ക്കുന്ന മുന്‍നിര ഒടിടി പ്ലാറ്റ്‌ഫോമുകള്‍  ഡയറക്റ്റ് റിലീസ് കൂടാതെ തിയറ്ററില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളും മലയാളത്തില്‍ നിന്ന് ഇപ്പോള്‍ വാങ്ങുന്നുണ്ട്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘വണ്‍’ ഒടിടി റിലീസായി ഈ മാസം 27ന് എത്തും. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. 

കോവിഡിന്റെ ആദ്യവരവിന് മുമ്പായി ഭൂരിഭാഗവും ചിത്രീകരിച്ച വണ്ണിന്റെ റിലീസ് ഒരു വര്‍ഷക്കാലത്തോളം മുടങ്ങിയിരുന്നു. തടസ്സങ്ങള്‍ക്കൊടുവില്‍ മാര്‍ച്ച് 26നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഒരു മാസത്തിന് ഇപ്പുറമാണ് ഇപ്പോള്‍ ചിത്രം ഒടിടി റിലീസിന് ഒരുങ്ങിയിരിക്കുന്നത്. ‘വണ്ണി’നു മുന്‍പ് തിയറ്ററുകളിലെത്തിയ മറ്റൊരു മമ്മൂട്ടി ചിത്രമായ ‘ദി പ്രീസ്റ്റ്’ ആമസോണ്‍ പ്രൈമില്‍ അടുത്തിടെ റിലീസ് ചെയ്യപ്പെട്ടിരുന്നു. ഒരു കാലത്ത് മലയാള ചിത്രങ്ങളോട് മുഖം തിരിച്ചിരുന്ന ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ആ നിലപാട് സമീപകാലത്ത് തിരുത്തിയത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. 

ദൃശ്യം 2, ജോജി എന്നിവ പാന്‍ ഇന്ത്യന്‍ തലത്തില്‍ നേടിയ വന്‍ പ്രേക്ഷക സ്വീകാര്യത ഒടിടിയില്‍ മലയാളസിനിമയ്ക്ക് വരാനിരിക്കുന്ന വലിയ അവസരങ്ങളുടെ തുടക്കമാണെന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. തിയേറ്ററോ ഒടിടിയോ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സ്വീകാര്യത എന്നതും പ്രൊഡ്യൂസര്‍മാരുടെ ലാഭനഷ്ടങ്ങളും ഒക്കെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിവെക്കുന്നുണ്ടെങ്കിലും ഈ പ്രതിസന്ധി കാലത്ത് ഇത്തരം സമാന്തര പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്ന പിന്തുണ സിനിമാമേഖലയ്ക്ക് പ്രതീക്ഷ പകരുന്നതാണെന്നും നിരവധി ചലച്ചിത്രപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു.

Leave a Comment